ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം സ്കൂൾ റെക്കോർഡിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കാത്തതിൽ സിബിഎസ്ഇയുടെ പ്രതികരണം തേടി സുപ്രീംകോടതി.
സൗദി അറേബ്യയിൽനിന്നുള്ള പ്രവാസിവിദ്യാർഥി പ്രാൻസു ജിഗർകുമാർ പട്ടേൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ജസ്റ്റീസുമാരായ മൻമോഹൻ, വിജയ് ബിഷ്ണോയ് എന്നിവരുടെ ബെഞ്ച് സിബിഎസ്ഇക്കും ബോർഡിന്റെ റീജണൽ ഓഫീസർക്കും നോട്ടീസയച്ചു.
പരീക്ഷാഫലം വൈകുന്നത് കുട്ടിയുടെ ഉപരിപഠനത്തെയും ഭാവിയെയും ബാധിക്കുമെന്നും പ്രവേശനത്തിനുള്ള അവസരങ്ങൾ നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അർധരാത്രി വരെ കഠിനാധ്വാനം ചെയ്താണെങ്കിലും പ്രശ്നത്തിനു പരിഹാരം കാണാൻ ബോർഡിനോട് സുപ്രീംകോടതി നിർദേശിച്ചു.
സിബിഎസ്ഇ നിലവിൽ അമിത ജോലിഭാരത്തിലാണെന്നും തിങ്കളാഴ്ചവരെ സമയം വേണമെന്നും ബോർഡിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
2025ൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ച പ്രാൻസു ജിഗർകുമാർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലാണ് പുനഃപരീക്ഷയ്ക്കായി അപേക്ഷിച്ചത്.